പ്രമേഹ മരുന്ന് കഴിക്കുമ്പോൾ ഷുഗർ കുറഞ്ഞാൽ: ലക്ഷണങ്ങളും ഉടൻ ചെയ്യേണ്ടതും
ഷുഗർ 70 mg/dL-ൽ താഴെ പോകുന്നതിനെയാണ് ഷുഗർ കുറഞ്ഞുപോകൽ (ലോ ഷുഗർ, ഹൈപ്പോഗ്ലൈസീമിയ) എന്ന് പറയുന്നത്. വിറയൽ, വിയർപ്പ്, വിശപ്പ് എന്നിവ ഒപ്പം ഉണ്ടാകാം. ഉണർന്നിരിക്കുകയും വിഴുങ്ങാൻ കഴിയുകയും ചെയ്യുന്നുണ്ടെങ്കിൽ ഗ്ലൂക്കോസ് ഗുളിക അല്ലെങ്കിൽ അര കപ്പ് ഫ്രൂട്ട് ജ്യൂസ് പോലെ, പെട്ടെന്ന് രക്തത്തിൽ എത്തുന്ന ഏകദേശം 15 ഗ്രാം പഞ്ചസാര കഴിക്കുക. 15 മിനിറ്റിന് ശേഷം ഷുഗർ വീണ്ടും നോക്കുക. വിഴുങ്ങാൻ കഴിയുന്നില്ലെങ്കിലോ ബോധമില്ലെങ്കിലോ ഉടൻ 108 അല്ലെങ്കിൽ 112 വിളിക്കുക.
ലക്ഷണങ്ങൾ എന്തൊക്കെ?
ലക്ഷണങ്ങൾ പെട്ടെന്ന് വരാം.
- വിറയൽ, വിയർപ്പ്, നെഞ്ചിടിപ്പ് കൂടുക;
- പെട്ടെന്നുള്ള വിശപ്പ്, ചുണ്ടിന് ചുറ്റും തരിപ്പ്;
- തലവേദന, ക്ഷീണം, തലകറക്കം;
- പരിഭ്രമവും ദേഷ്യവും;
- ആശയക്കുഴപ്പം, സംസാരം കുഴയുക, കാഴ്ച മങ്ങുക;
- ഷുഗർ വളരെ കുറഞ്ഞാൽ ജന്നി (ഫിറ്റ്സ്) വരികയോ ബോധം കെട്ടുപോവുകയോ ചെയ്യാം.
പ്രത്യേകിച്ച് വർഷങ്ങളായി പ്രമേഹം ഉള്ളവരിൽ ചിലർക്ക് തുടക്കത്തിലെ ലക്ഷണങ്ങൾ അനുഭവപ്പെടില്ല. എന്തോ ഒരു വല്ലായ്മ തോന്നിയാൽ ഷുഗർ നോക്കുക.
ഉടൻ ചെയ്യേണ്ടത് (15-15 ചുവടുകൾ)
- സാധിക്കുമെങ്കിൽ ഷുഗർ നോക്കുക. 70-ൽ താഴെയാണെങ്കിൽ, അല്ലെങ്കിൽ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ താഴെ പറയുന്നത് ചെയ്യുക.
- പെട്ടെന്ന് രക്തത്തിൽ എത്തുന്ന ഏകദേശം 15 ഗ്രാം പഞ്ചസാര കഴിക്കുക: മൂന്നോ നാലോ ഗ്ലൂക്കോസ് ഗുളിക, അര കപ്പ് ഫ്രൂട്ട് ജ്യൂസ് അല്ലെങ്കിൽ മധുരമുള്ള (ഡയറ്റ് അല്ലാത്ത) സോഫ്റ്റ് ഡ്രിങ്ക്, അല്ലെങ്കിൽ ഒരു ടേബിൾ സ്പൂൺ പഞ്ചസാരയോ തേനോ.
- 15 മിനിറ്റ് കാത്തിരിക്കുക. വീണ്ടും ഷുഗർ നോക്കുക.
- ഇപ്പോഴും 70-ൽ താഴെയാണെങ്കിൽ വീണ്ടും 15 ഗ്രാം കഴിക്കുക. ഇത് ആവർത്തിക്കുക.
- ഷുഗർ സാധാരണ നിലയിലായാൽ ഒരു പഴം, ചായയും ബിസ്കറ്റും, അല്ലെങ്കിൽ ചെറിയ ഭക്ഷണം കഴിക്കുക.
- ആദ്യം ചോക്ലേറ്റോ കൊഴുപ്പ് കൂടിയ ഭക്ഷണമോ കഴിക്കരുത്. അവ ഷുഗർ പതുക്കെയേ കൂട്ടൂ.
ആൾക്ക് ബോധമില്ലെങ്കിൽ
വായിൽ ഭക്ഷണമോ വെള്ളമോ കൊടുക്കരുത്. തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടാം. ആളെ ഒരു വശത്തേക്ക് ചരിച്ച് കിടത്തി ഉടൻ 108 അല്ലെങ്കിൽ 112 വിളിക്കുക. ഗ്ലൂക്കഗോൺ ഇഞ്ചക്ഷൻ ഡോക്ടർ നിർദേശിച്ചിട്ടുണ്ടെങ്കിൽ, അത് ഉപയോഗിക്കാൻ അറിയാമെങ്കിൽ, ഡോക്ടർ പഠിപ്പിച്ച പോലെ നൽകുക.
പ്രമേഹ മരുന്ന് കഴിക്കുന്നവർ എപ്പോഴും ബാഗിൽ പഞ്ചസാരയോ ഗ്ലൂക്കോസ് ഗുളികയോ കരുതുക. വീട്ടുകാർക്കും ഈ ചുവടുകൾ അറിയണം.
എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്?
ഭക്ഷണം വൈകുകയോ ഒഴിവാക്കുകയോ ചെയ്യുക, പതിവിലും കൂടുതൽ വ്യായാമം, മദ്യപാനം, ഛർദ്ദി അല്ലെങ്കിൽ വയറിളക്കം, നിങ്ങൾക്ക് വേണ്ടതിലും കൂടിയ ഡോസ് മരുന്ന് എന്നിവയാണ് സാധാരണ കാരണങ്ങൾ. മതപരമായ നോമ്പും ഇതിന് കാരണമാകാം. നോമ്പിന് മുമ്പ് ഡോക്ടറോട് സംസാരിക്കുക, കാരണം മരുന്ന് മാറ്റേണ്ടി വന്നേക്കാം. ഡോസ് ഒരിക്കലും സ്വയം മാറ്റരുത്.
ഡോക്ടറെ എപ്പോൾ കാണണം
ഷുഗർ കുറഞ്ഞുപോയ ഓരോ തവണയും ഡോക്ടറോട് പറയുക, നിങ്ങൾ തന്നെ ശരിയാക്കിയെങ്കിലും. ചികിത്സാ പദ്ധതി ഒന്നുകൂടി നോക്കേണ്ടി വരാം. ആഴ്ചയിൽ ഒന്നിലധികം തവണ, രാത്രിയിൽ, അല്ലെങ്കിൽ ലക്ഷണങ്ങൾ ഒന്നും തോന്നാതെ ഷുഗർ കുറഞ്ഞാൽ വേഗം ഡോക്ടറെ കാണുക.
ആൾക്ക് ബോധമില്ലെങ്കിൽ, വിഴുങ്ങാൻ കഴിയുന്നില്ലെങ്കിൽ, ജന്നി (ഫിറ്റ്സ്) വന്നാൽ, അല്ലെങ്കിൽ മുകളിലെ ചുവടുകൾ രണ്ട് തവണ ചെയ്തിട്ടും മെച്ചപ്പെടുന്നില്ലെങ്കിൽ ഉടൻ 108 അല്ലെങ്കിൽ 112 വിളിക്കുക.
- American Diabetes Association, Standards of Care in Diabetes 2025, section 6 (Glycemic Goals and Hypoglycemia)
- Endocrine Society, Evaluation and Management of Adult Hypoglycemic Disorders, 2009 (Cryer et al.)
- RSSDI Clinical Practice Recommendations for the Management of Type 2 Diabetes Mellitus, 2022
- ICMR Guidelines for Management of Type 2 Diabetes, 2018
- Williams Textbook of Endocrinology, 14th edition: hypoglycaemia
കൺസൾട്ടന്റ്, എൻഡോക്രൈനോളജി വിഭാഗം, പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി, തിരുവല്ല.
ഈ കുറിപ്പ് രോഗികൾക്കുള്ള പൊതുവായ വിവരം മാത്രമാണ്. ഡോക്ടറെ നേരിട്ട് കാണുന്നതിന് പകരമല്ല. നിങ്ങളുടെ ആരോഗ്യത്തെ കുറിച്ചുള്ള ഉപദേശത്തിന് ഡോക്ടറെ കാണുക.